പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലേക്ക് പോകുമെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്. എത്രകാലം ശ്രമിച്ചാലും ബിജെപിക്ക് തമിഴ്നാട്ടില്‍ വളരാനാവില്ല. ശ്രീപെരുമ്പത്തൂരില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്.
ചരിത്രം മാറ്റിയെഴുതപ്പെടും. ശാസ്ത്രം പിന്തള്ളപ്പെടും. അന്ധവിശ്വാസത്തിന് പ്രാധാന്യം കൂടും. ഡോ. ബി.ആര്. അംബേദ്കര്‍ എഴുതിയ ഭരണഘടന ആര്‍എസ്എസിന് ആവശ്യമായ രീതിയില്‍ മാറ്റിയെഴുതും. ഇതിനെതിരെയുള്ള ഏക ആയുധം ഓരോരുത്തരുടെയും വോട്ടാണെന്ന് സ്റ്റാലിന് പറഞ്ഞു.
ബിജെപിക്കുള്ള വോട്ട് തമിഴ്നാടിന്റെ ശത്രുവിനുള്ള വോട്ടാണ്. എ.ഐ.എ.ഡി.എം.കെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവര്‍ക്കുള്ള വോട്ടാണ്. എ.ഐ.എ.ഡി.എം.കെക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാലിന് പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തില്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, തനിക്ക് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിച്ചുവെന്ന് പളനിസ്വാമി അവകാശപ്പെടുന്നു. നിങ്ങള്‍ക്ക് ഏറ്റവും മികച്ച അടിമ എന്ന അവാര്‍ഡാണ് ലഭിച്ചതെന്നും ഞങ്ങള്‍ക്ക് ജനങ്ങളുടെ അവാര്‍ഡാണ് ലഭിച്ചതെന്നും സ്റ്റാലിന് പരിഹസിച്ചു. ജൂണ്‍ നാലിന് ഞങ്ങള്‍ക്ക് മറ്റൊരു അവാര്‍ഡ് കൂടി ലഭിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട്ടില്‍ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദിയെ ആരോ വഞ്ചിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തില്‍ തമിഴ്നാട്ടില്‍ ഡിഎംകെ വിരുദ്ധ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എത്രകാലം ശ്രമിച്ചാലും ബിജെപിക്ക് തമിഴ്നാട്ടില്‍ വളരാനാവില്ല. 2014ലും 2019ലും തമിഴ് ജനത ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. നിങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ അവര്‍ എന്തിനാണ് നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത്? രാജ്യത്തിന്റെ സുരക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ കൈകളിലാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും സ്റ്റാലിന് പറഞ്ഞു.