കിനാലൂരിൽ കേരള എയിംസ് അനുവദിക്കണമെന്ന് എം.കെ രാഘവൻ ലോകസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് എയിംസ് സ്ഥാപിച്ചാൽ മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. കിനാലൂരിൽ ആവശ്യമായ സ്ഥലം ലഭ്യമാണെന്നും എം പി വിശദീകരിച്ചു.
കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ പ്രതിദിന അതിവേഗ ട്രെയിൻ ഓടിക്കണം. കോഴിക്കോട് എയർപോർട്ട് നഗരം ബേപ്പൂർ ഹാർബർ ബന്ധിപ്പിച്ച് മെട്രോ റയിൽ ആരംഭിക്കണമെന്നും കോഴിക്കോട് എംപി ആവശ്യപ്പെട്ടു. കൊവിഡ് കാലത്തും പാവപ്പെട്ടവന്റെയും അടിസ്ഥാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ പാടെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് എം.കെ രാഘവൻ എം പി ലോകസഭയിൽ ചൂണ്ടിക്കാട്ടി. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് തീറെഴുതുക എന്ന ലക്ഷ്യം ബജറ്റിൽ പച്ചയിൽ എഴുതി വച്ചിരിക്കുന്നു.
ബാങ്കുകളുടെ സ്വകാര്യവത്കരണം അടച്ചുപൂട്ടിയ പവർ പദ്ധതികളുടെ സ്ഥലം വിൽക്കുക സ്വകാര്യ മേഖലയിൽ 5 സ്മാർട് സിറ്റികൾ തുടങ്ങിയ എല്ലാ ബജറ്റ് പ്രഖ്യാപനവും സ്വകാര്യ മേഖലയുടെ വളർച്ച മുന്നിൽ കണ്ട് മാത്രമാണന്ന് അദ്ദേഹം അരോപിച്ചു