പ്രവാസികളുടെ പ്രശ്നത്തിൽ കേന്ദ്ര മന്ത്രിയോട് പരിഹാരം തേടി എംകെ രാഘവൻ എംപി

Jaihind News Bureau
Friday, February 12, 2021

പ്രവാസികളുടെ പ്രശ്നത്തിൽ കേന്ദ്ര മന്ത്രിയോട് പരിഹാരം തേടി എംകെ രാഘവൻ എംപി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ, ഇന്ത്യ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത് മൂലം യാത്രാമധ്യേ ദുബായിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് എംകെ രാഘവൻ എം.പി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു.

താത്കാലിക യാത്രാ വിലക്ക് നില നിൽക്കുന്ന സാഹചര്യത്തിൽ നേരിട്ട് വിമാന സർവ്വീസില്ലാത്തതിനാൽ യാത്രക്കാർ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് അവിടെ 14 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തീകരിച്ച് സൗദിയിൽ എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രതീക്ഷകളോടെ ദുബായ് വഴി സൗദിയിലെത്താൻ ശ്രമിച്ച ഏതാനും ഇന്ത്യക്കാരാണ് നിലവിൽ ദുബായിലുള്ളത്. ക്വാറന്‍റൈൻ പൂർത്തീകരിച്ചിട്ടും ഇവർക്ക് യാത്രാനുമതി നൽകാൻ സൗദി തയ്യാറായിട്ടില്ല. ഇവരുടെ താമസസൗകര്യം, ഭക്ഷണം, സന്ദർശക വിസാ കാലാവധി വർദ്ധിപ്പിക്കൽ, മടങ്ങാൻ തയ്യാറുള്ളവർക്ക് ഇന്ത്യയിലേക്കുള്ള മടക്കയാത്ര എന്നീ സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നും എം.പി വിദേശകാര്യ മന്ത്രിയോടാവശ്യപ്പെട്ടു.

അതോടൊപ്പം യാത്രാവിലക്ക് നീക്കുന്ന വിഷയത്തിൽ സൗദിയുമായ് നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എംകെ രാഘവൻ എംപി വ്യക്തമാക്കി.