മിസോറം നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് തുടക്കമായി

Monday, December 4, 2023

ഐസോള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് തുടക്കമായി. ഭരണകക്ഷിയായ മിസോറം നാഷണൽ ഫ്രണ്ടും മിസോറം പീപ്പിൾസ് മൂവ്‌മെന്‍റിനും ഒപ്പം വെല്ലുവിളിയുയർത്തി കോൺഗ്രസും മുൻനിരയിലുണ്ട്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നവംബര്‍ ഏഴിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

40 നിയമസഭാ മണ്ഡലങ്ങളുള്ള ചെറിയ വടക്കു കിഴക്കൻ സംസ്ഥാനമാണ് മിസോറം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്‍റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷിക്കുന്നുണ്ട്. ഭരണകക്ഷിയായ മിസോറം നാഷണല്‍ ഫ്രണ്ടും (MNF) സോറം പീപ്പിൾസ് മൂവ്മെന്‍റും (ZPM) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. എംഎൻഎഫിന്‍റെ സോറം തംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും  സോറം പീപ്പിൾസ് മൂവ്മെന്‍റ് 8 സീറ്റിലും കോൺഗ്രസ് നാലു സീറ്റിലുമാണ് ജയിച്ചത്. ബിജെപിക്ക് ഇവിടെ ഒരു സീറ്റായിരുന്നു ഉണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ ഞായറാഴ്ച നിശ്ചയിച്ചിരുന്നതാണെങ്കിലും മിസോറമിലെ പ്രതിഷേധം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 87 ശതമാനം പേരും ക്രിസ്ത്യന്‍ സമുദായമായ മിസോറമില്‍ ഞായറാഴ്ചത്തെ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയത്.