മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തീയതി മാറ്റി. ഡിസംബര്‍ മൂന്നില്‍ നിന്ന് ഡിസംബര്‍ നാലാം തീയതിയിലേക്ക് വോട്ടെണ്ണല്‍ മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഞായറാഴ്ചയിലെ വോട്ടെണ്ണല്‍ മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
വോട്ടെണ്ണല്‍ തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മിസോറം എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധം ഉയർത്തിയിരുന്നു. ജനസംഖ്യയില്‍ 87 ശതമാനത്തിലധികവും ക്രൈസ്തവരുള്ള മിസോറമില്‍ ഞായറാഴ്ചത്തെ പതിവ് പ്രാർത്ഥനകള്‍ക്ക് തടസമാകും എന്നതിനാലാണ് പ്രതിഷേധം ഉയർന്നത്. ഈ സാഹചര്യത്തില്‍ പ്രാർത്ഥനകള്‍ക്ക് തടസമുണ്ടാക്കാതെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്താണ് വോട്ടെണ്ണല്‍ ഡിസംബർ നാലിലേക്ക് മാറ്റിയത്. മറ്റു നാലു സംസ്ഥാനങ്ങളിലും ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍.