കൊവിഡ് വാക്‌സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലം കാഴ്ചവയ്ക്കുന്നു : ഐസിഎംആർ

Jaihind Webdesk
Sunday, August 8, 2021


ന്യൂഡല്‍ഹി : കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്‌സിനുകള്‍ ലഭിച്ച 18 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും പഠനത്തില്‍ പറയുന്നു.

ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്‌സിന്‍ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ടു വാക്‌സിനുകളുടെയും ഡോസുകള്‍ നല്‍കി. അതായത് ആദ്യ ഡോസ് കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാമത്തെ തവണ കോവാക്‌സിനാണ് നല്‍കിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ചില വാക്‌സിനുകള്‍ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. തന്നെയുമല്ല വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കും., പഠനത്തില്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്‌സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.