‘മിഷന്‍ അരിക്കൊമ്പന്‍’ ശനിയാഴ്ച ; ചിന്നക്കനാലില്‍ 25ന് നിരോധനാജ്ഞ

Jaihind Webdesk
Tuesday, March 21, 2023

 

ഇടുക്കി: ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ശനിയാഴ്ച രാവിലെ നാല് മണി മുതൽ തുടങ്ങാൻ തീരുമാനം. സമ്പൂർണ്ണ പദ്ധതി തയാറായതായി ജില്ലാ കളക്ടർ പറഞ്ഞു. ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഏതാനും വാർഡുകളിൽ 25ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രയാസമേറിയ ദൗത്യത്തിനാണ് ഇടുക്കിയിൽ വനം വകുപ്പ് തയാറെടുക്കുന്നത്.

സർവ സന്നാഹങ്ങളും സജ്ജമാക്കിയാണ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദൗത്യത്തിന് വനം വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വനംവകുപ്പ് നിശ്ചയിച്ച 301 കോളനിക്ക് സമീപത്തുള്ള സ്ഥലത്താണ് അരിക്കൊമ്പന് നേരെ മയക്കുവെടി ഉതിർക്കുക. 25ന് പുലർച്ചെ ആന തമ്പടിച്ച സ്ഥലം നിരീക്ഷിച്ച ശേഷമാണ് ദൗത്യത്തിലേക്ക് കടക്കുക. ഇതിന് മുന്നോടിയായി 24 ന് മോക് ഡ്രിൽ നടത്തും. 71 പേർ അടങ്ങുന്ന 11 സംഘങ്ങളാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിലുള്ളത്. എന്നാൽ അന്നേദിവസം തന്നെ കൊമ്പനെ പിടിക്കാൻ കഴിയണമെന്നില്ലെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് വ്യക്തമാക്കി. മിഷൻ അരിക്കൊമ്പൻ പൂർത്തിയാക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആനയെ കൊണ്ടുപോകേണ്ട കോടനാട്ടേക്കുള്ള വഴികളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം ദൗത്യത്തിനായി സൂര്യൻ എന്ന് പേരുള്ള മറ്റൊരു കുങ്കിയാന വയനാട്ടിൽ നിന്ന് പുറപ്പെട്ടു. രണ്ട് കുങ്കികൾ കൂടി ഉടൻ മൂന്നാറിലെത്തും. ഒറ്റയാനെ പിടിച്ചു കൂട്ടിലടക്കാനുള്ള തന്ത്രങ്ങൾ വനം വകുപ്പ് മെനയുമ്പോഴും അരിക്കൊമ്പന്‍ ആക്രമം തുടരുകയാണ്. പെരിയ കനാലിൽ സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് വീടുകൾ കൊമ്പൻ ഇന്നലെയും തകർത്തു. നാളുകളായി പ്രദേശത്തെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുകാണാന്‍  കാത്തിരിക്കുകയാണ് പ്രദേശവാസികൾ.