ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ ? ; ഡല്‍ഹിയില്‍ പോസ്റ്ററുകള്‍, പ്രതിഷേധം

Jaihind News Bureau
Sunday, November 17, 2019

മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. ഐടിഒ ഏരിയയിലാണ് ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. വായു മലിനീകരണം കൊണ്ട് പൊറുതി മുട്ടുകയാണ് ഡല്‍ഹി നഗരം. ഇതേത്തുടര്‍ന്ന് നഗരവികസ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ മാസം 15 ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. യോഗത്തില്‍ നിന്നും വിട്ടുനിന്ന ഡല്‍ഹി എംപി കൂടിയായ ഗംഭീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ഉന്നതതലയോഗത്തിന്റെ സമയത്ത് ഗംഭീര്‍ കൂട്ടുകാര്‍ക്കൊത്ത് ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗംഭീര്‍ കൂട്ടുകാര്‍ക്കൊപ്പം ജിലേബി കഴിച്ച് തമാശ പങ്കിടുന്നതിന്റെ ചിത്രം വന്‍ പ്രതിഷേധമാണ് ഉയര്‍രുന്നത്. ജനങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി പാര്‍ട്ടി ആരോപിച്ചത്. എംപിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്നും എഎപി കുറ്റപ്പെടുത്തി.

ഷെയിം ഓണ്‍ യു ഗൗതം എന്ന പേരിലാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്. ഗംഭീര്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണാണ് പുറത്തുവിട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഹരിയാന,പഞ്ചാബ്,ഉത്തര്‍പ്രദേശ്,ഡല്‍ഹി രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുള്‍പ്പടെ 21 ലോക്‌സഭാ അംഗങ്ങളും 8 രാജ്യസഭാ അംഗങ്ങളും പങ്കെടുക്കേണ്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിങ്ങില്‍ 4 പേര്‍ മാത്രമാണ് എത്തിചേര്‍ന്നത്.