കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

Jaihind News Bureau
Tuesday, October 15, 2019

തൃശ്ശൂര്‍ കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം സ്വദേശി 68 വയസ്സുള്ള മനോഹരനെയാണ് മരിച്ച നിലയിൽ കണ്ടത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് ഗുരുവായൂര്‍ മമ്മിയൂർ പെട്രോൾ പമ്പിന് സമീപം മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈ രണ്ടും പുറകിൽ കൂട്ടി കെട്ടിയ നിലയിലാണ്. കാർ കണ്ടെത്തിയിട്ടില്ല. ബന്ധുക്കളെത്തിത്തി മ്യതദേഹം തിരിച്ചറിഞ്ഞു.

ഇന്ന് പുലർച്ചെ 12.50 ഓടെ പമ്പിൽ നിന്നും കാറിൽ കയറി പോകുന്ന ദ്യശ്യങ്ങൾ സി സി.ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മനോഹരൻ വീട്ടിൽ എത്താതായതോടെ മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരാളാണ് ഫോണെടുത്ത് അച്ഛൻ ഉറങ്ങുകയാണെന്നും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമയാണ് മനോഹരൻ. ഡോഗ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു. ഗുരുവായൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറും ആഭരണങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് കൊലപാതകമെന്ന് പോലീസ് ഉറപ്പിക്കുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നായ മണം പിടിച്ച് മമ്മിയൂർ ജംഗ്ഷൻ വരെ എത്തിയിരുന്നു. വിരലടയാള വിദഗ്ദരും ഫോറൻസിക്ക് വിദഗ്ദരും സംഭവ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. ഈ ഭാഗത്തു നിന്ന് ലഭ്യമായ സി സി ടി വി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ച് വരികയാണ്.