കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍ നിന്ന്

Jaihind News Bureau
Friday, April 10, 2026

മൈസൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) ഇനി നോവുന്ന ഓര്‍മ്മ. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം വ്യൂ പോയിന്റില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാബുഡാന്‍ കുന്നിന് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലെ 1500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ പോലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും സംയുക്തമായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ് – രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍ നിന്ന് കുട്ടിയെ കാണാതാകുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ. 40-ഓളം കുടുംബങ്ങള്‍ അടങ്ങുന്ന വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ചിക്കമംഗളൂരുവിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 5.20 വരെ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വെറും നാല് മിനിറ്റിനുള്ളിലാണ് ദൂരൂഹസാഹചര്യത്തില്‍ യാത്രാസംഘത്തില്‍ നിന്നും അപ്രത്യക്ഷയായത്.

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആ രീതിയിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം 300 അടി താഴ്ചയില്‍ തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മലയുടെ താഴെ ഭാഗത്ത് നിന്നും മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം ദൃശ്യമായത്. കേരള പോലീസും തിരച്ചിലിനായി സ്ഥലത്തെത്തിയിരുന്നു.