ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; കുട്ടികള്‍ കൂത്താട്ടുകുളത്തെ ബന്ധുവീട്ടില്‍

കോട്ടയം:  മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിൽ നിന്നാണ് കാണാതെ പെൺകുട്ടികളെ കണ്ടെത്തിയത്. 9 പേരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ മാങ്ങാനം മഹിളാ സമഖ്യ ഷെൽട്ടർ ഹോമിൽ നിന്നാണ് 9 പെൺകുട്ടികളെ കാണാതായത്. പുലർച്ചെ കുട്ടികളെ വിളിച്ച് ഉണർത്താൻ എത്തിയ ജീവനക്കാരിക്കാണ് പെൺകുട്ടികളെ കാണാതായെന്ന് മനസ്സിലായത്. തുടർന്ന് ഷെൽട്ടർ ഹോം അധികൃതർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 9 പെൺകുട്ടികളെയും കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്ന് കണ്ടെത്തിയത്. 9 പേരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ കോട്ടയത്ത് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

അതേസമയം ഇവരെ കാണാതായതുമായി ബന്ധപ്പെട്ടുള്ള മറ്റുകാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് . എന്നാൽ ഇവർ താമസിച്ചിരുന്ന സ്വകാര്യ ഷെൽട്ടർ ഹോം സർക്കാരിന്‍റെ വനിത ശിശു വികസന വകുപ്പിന്‍റെ നിർഭയ സെല്ലിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന സൊസൈറ്റി ആണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് ഇതേ ഷെൽട്ടറിൽ നിന്ന് 5 പെൺകുട്ടികളെ കാണാതായിരുന്നു. ഇവിരെ പിന്നീട് പോലീസ് കോട്ടയം ടൗണിൽ നിന്ന് കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട ഷെൽട്ടർ ഹോമിലെ ജീവനക്കാർക്ക് എതിരെ യാതൊരു നടപടി സ്വീകരിച്ചിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ന് 9 പെൺകുട്ടികളെ ഇവിടെ നിന്ന് കാണാതായത്. ഇത്തരത്തിൽ പെൺകുട്ടികളെ നിരന്തരമായി കാണാതാവുന്നത് ഷെൽട്ടർ ഹോമിന്‍റെ  ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ആരോപണം ഉയരുന്നുണ്ട്.

Comments (0)
Add Comment