പ്രാര്‍ത്ഥനകള്‍ വിഫലം…. നാടിനെ കണ്ണീരിലാഴ്ത്തി ദേവനന്ദ യാത്രയായി ; കൊല്ലത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Jaihind News Bureau
Friday, February 28, 2020

 

കൊല്ലം : ഒരു നാടിന്‍റെ പ്രാർത്ഥനയും കാത്തിരിപ്പും വിഫലം. നാടിനെ കണ്ണീരിലാഴ്ത്തി ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് ഇന്നലെയാണ് കുട്ടിയെ കാണാതായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുട്ടിക്കായി സംസ്ഥാനവ്യാപകമായി തെരച്ചില്‍ പുരോഗമിക്കുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്‍റെ ആഴക്കടല്‍ മുങ്ങൽ വിദഗ്ധരാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുള്ളത്.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണിയലക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വാക്കനാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ കുട്ടിയെ സ്കൂളില്‍ അയച്ചിരുന്നില്ല. വാക്കനാട് സരസ്വതീ വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാരും ക്ഷേത്ര കമ്മിറ്റിക്കാരും ചേർന്ന് ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തെരച്ചില്‍ ആരംഭിച്ചു. സംസ്ഥാനവ്യാപകമായി തെരച്ചില്‍ ശക്തിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.