പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ അമ്മൂമ്മയോട് പിണങ്ങി വീടുവിട്ട പത്തു വയസുകാരിയെ കണ്ടെത്തി. റാന്നി വലിയ കാവിലാണ് അമ്മൂമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങി വസ്ത്രങ്ങളും പണവും എടുത്ത് വീട്ടിൽ നിന്നു പോയത്. ആറ് കിലോമീറ്റർ അപ്പുറം തൂളിമണ്ണെന്ന സ്ഥലത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ട നാട്ടുകാരിയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ടിവി വാർത്തയിൽ കുട്ടിയുടെ ഫോട്ടോ കണ്ടതോടെ പോലീസിനെ അറിയിക്കുകയും തുടർന്ന് വീട്ടിലെത്തിക്കുകയുമായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ മുത്തശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജില്ലയ്ക്ക് പുറത്തായിരുന്നു. കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം അടുക്കളയിൽ പോയ മുത്തശി തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. 11.30 ഓടെ കുട്ടിയെ കണ്ടെത്തി.