കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മിഥുന്റെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഥുന്റെ ദാരുണ മരണം വളരെയധികം വേദനാജനകമാണ്. ഈ സംഭവത്തില്‍ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ഇതിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കണം. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മിഥുന്റെ കുടുംബത്തെ എല്ലാവിധത്തിലും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കാരണം രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടപ്പെട്ടത്. നിലമ്പൂരില്‍ അനധികൃതമായുള്ള പന്നിക്കെണിയില്‍പ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ഇവിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുനും ജീവന്‍ നഷ്ടമായി. ഇടതു ഭരണത്തില്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും അനാസ്ഥയും കെടുകാര്യസ്ഥതയും പ്രകടമാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.