ദുരിത പെയ്ത്ത്; ആലപ്പുഴയിലും കോട്ടയത്തും വെള്ളക്കെട്ട്, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Jaihind Webdesk
Thursday, May 30, 2024

 

 

ആലപ്പുഴ: ശക്തമായ മഴയിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളം കയറി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു വരുന്നു. കൃഷിയില്ലാത്തതുകൊണ്ട് പുറം ബണ്ടുകളിലെ വീടുകളൊക്കെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.   ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 20 ആയി. 206 കുടുംബങ്ങളിലായി 971 പോരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അമ്പലപ്പുഴ താലൂക്കിൽ ഏഴും കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട് ലോക്കലില്‍ മൂന്നും ചേർത്തലയിൽ രണ്ടും മാവേലിക്കര ചെങ്ങന്നൂർ താലൂക്കുകളില്‍ ഒന്ന് വീതവുമാണ് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓടകളും ചെറുതോടുകളും ശരിയാക്കാത്തതാണ് മിക്ക സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.

കോട്ടയത്തും അതിതീവ്ര മഴയില്‍ വന്‍ നാശനഷ്ട്ങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  മഴ കനത്തതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 28 ആയി. ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളം ഇറങ്ങിയതോടെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലായി. ഇതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകൾ കൂടുതൽ തുറന്നത്. പടിഞ്ഞാറൻ മേഖലയായ തിരുവാർപ്പ്, ഇല്ലിക്കൽ, ചെങ്ങളം തുടങ്ങിയ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിലെ വെള്ളപ്പൊക്ക ദുരിതങ്ങളിൽ നിന്ന് പാഠം പഠിച്ചില്ലെന്നാണ് വാസ്തവം. സർക്കാർ സംവിധാനം ഈ നിലയിൽ പോയാൽ ഇത്തവണയും ജനങ്ങൾ രൂക്ഷമായ വെള്ളപ്പൊക്കം അതിജീവിക്കേണ്ടതായി വരും.