പ്രവാസികള്‍ക്ക് ദുരിതം, നോർക്ക ഓഫീസ് നവീകരണത്തിന് കോടികള്‍… ഇത് പിണറായി സർക്കാരിന്‍റെ പ്രവാസി ക്ഷേമ നയം

Jaihind News Bureau
Wednesday, June 10, 2020

 

കൊവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പോലും വിമുഖത കാട്ടിയ പിണറായി സർക്കാർ ഇതിന് കാരണമായി പറഞ്ഞിരുന്നത് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ക്വാറന്‍റൈന് പോലും പ്രവാസികളില്‍ നിന്ന് പണം ഈടാക്കാന്‍ സർക്കാർ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സർക്കാരിന്‍റെ ധൂർത്തിനും ആർഭാടത്തിനും സാമ്പത്തിക പ്രതിസന്ധി ഒരു തടസമേ ആകുന്നില്ല. പ്രവാസികള്‍ക്ക് ദുരിതകാലം സമ്മാനിച്ച സർക്കാര്‍ നോർക്ക റൂട്ട്സിന്‍റെ ഓഫീസ് ശാക്തീകരണത്തിനെന്ന പേരില്‍  കൊവിഡ് കാലത്ത് രണ്ട് കോടി രൂപയാണ് അനുവദിച്ചത്.

നോർക്ക റൂട്ട്സ് ആസ്ഥാനത്തിന്‍റെയും  മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസുകളുടെയും ശാക്തീകരണത്തിനായാണ് രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. പ്രവാസികള്‍ വിഷമവൃത്തത്തിലായപ്പോള്‍ യഥാസമയം  നടപടി സ്വീകരിക്കാത്ത സർക്കാരാണ് നോർക്ക ഓഫീസ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഹെഡ് ഓഫീസ് നവീകരണം, കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സാറ്റലൈറ്റ് ഓഫീസുകളുടെ സ്ഥാപന ചെലവുകള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

കോണ്‍ഗ്രസ് ഉയർത്തിയ വലിയ പ്രതിഷേധത്തിനൊടുവിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ പിണറായി സർക്കാർ നിർബന്ധിതരായത്. ഒടുവില്‍ പ്രവാസികള്‍ മടങ്ങിയെത്തിയപ്പോഴും അവഹേളനപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ക്വാറന്‍റൈന്‍ ചെലവുകള്‍ പ്രവാസികള്‍ സ്വയം വഹിക്കണമെന്നായിരുന്നു സർക്കാര്‍ നിലപാട്. ഇതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഒരേസമയം സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാരിന്‍റെ കടമകളില്‍ നിന്ന് ഒളിച്ചോടുകയും അതേസമയം ധൂർത്തും ആർഭാടവും തുടരുകയും ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.