തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി നടന്ന തര്‍ക്കത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും യദു പറഞ്ഞു. ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു വ്യക്തമാക്കി.
സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പോലീസിന് പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യദു വ്യക്തമാക്കി. ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും?. പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ റോഡിനുള്ളു. അതിന്‍റെ ഇടയില്‍ കൂടി കാറിനെ കടത്തിവിടാനുള്ള സ്ഥലമില്ല. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വെച്ച് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്. ഉടനെ കാറില്‍ നിന്നും ഒരു യുവാവ് ചാടിയിറങ്ങി. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചെന്നും യദു പറഞ്ഞു.
‘മാന്യമായിട്ടാണ് വണ്ടി ഓടിച്ചതെന്നും നിങ്ങളല്ലേ സീബ്ര ക്രോസിന് കുറുകെ വണ്ടി ഇട്ടത്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ കാണുന്നുണ്ടല്ലോയെന്നും ഞാന്‍ തിരിച്ച് ചോദിച്ചു. തുടര്‍ന്ന് പയ്യന്മാര്‍ എന്റെ സീറ്റിന്‍റെ ഭാഗത്തുള്ള ഡോര്‍ തുറന്നു. പിന്നാലെയാണ് മേയര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന് ചേഷ്ഠ കാണിച്ചില്ലേയെന്ന് ചോദിച്ചത്. അത് മേയര്‍ ആണെന്ന് അറിഞ്ഞിരുന്നില്ല.’ യദു പറഞ്ഞു. അതേസമയം തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകുമെന്നും അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു.