കൊല്ലം: പുത്തൂരില്‍ തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ് ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. 10 കിലോമീറ്ററോളം ആറ്റിലൂടെ ഒഴുകിയ വീട്ടമ്മയ്ക്ക് രക്ഷയായത് വള്ളിപ്പടർപ്പ്. 64 കാരിയായ കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയാണ് ഒഴുക്കില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞദിവസം വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പെട്ടതോടെ കിലോമീറ്ററുകളോളം താഴേക്ക് നീങ്ങി. മലർന്നു കിടന്ന നിലയിലാണ് ശ്യാമളയമ്മ ഒഴുക്കില്‍ പെട്ടത്. വള്ളിപ്പടർപ്പില്‍ കുരുങ്ങിയതാണ് ശ്യാമളയമ്മയ്ക്ക് രക്ഷയായത്. നിരവധി കയങ്ങളുള്ള ഉരുളുമല ഭാഗത്താണ് ഇവർ തടഞ്ഞുനിന്നത്. ശ്യാമളയമ്മയുടെ നിലവിളി കേട്ട് ഓടിയെത്തവർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും തോണിയിറക്കി ശ്യാമളയമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ശ്യാമളയമ്മയ്ക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.