ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ് : ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം തടഞ്ഞ് നാട്ടുകാർ, അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

Saturday, July 24, 2021

തൊടുപുഴ : കുമാരമംഗലം പഞ്ചായത്തില്‍ ‘മിന്നല്‍ മുരളി’ സിനിമയുടെ ഷൂട്ടിംഗ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടഞ്ഞു.  ഡി കാറ്റഗറി പ്രദേശത്ത്  ഷൂട്ടിംഗ് നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കളക്ടറുടെ പ്രത്യേക അനുമതിയുണ്ടെന്ന് പറഞ്ഞായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം തുടങ്ങിയത്.

എന്നാല്‍ അനുമതിയില്ലാതെയാണ് സിനിമാസംഘം എത്തിയതെന്ന്  കളക്ടറും പഞ്ചായത്ത് മെമ്പറും വ്യക്തമാക്കി. പ്രത്യേക അനുമതിയുണ്ടെന്നാണ് പൊലീസ് മാധ്യമങ്ങളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഈ പ്രദേശത്ത് കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കണ്ടയ്‌ന്‍മെന്‍റ്  സോണില്‍ വാഹനമോടിച്ചുവെന്ന് പറഞ്ഞ് പൊലീസ് പിഴ ഈടാക്കിയിരുന്നു.

ഇവര്‍ ലൈസന്‍സ് തിരിച്ചുവാങ്ങാന്‍ സി.ഐയെ കാണാനെത്തിയപ്പോഴാണ് പൊലീസ് അകമ്പടിയില്‍ ഷൂട്ടിംഗ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചിത്രീകരണം നടക്കുന്നത് ചോദ്യം ചെയ്തതോടെ നാട്ടുകാരും ഇടപെട്ടു. രംഗം വഷളായതോടെ ഷൂട്ടിംഗ്  നിര്‍ത്തിവച്ചു. അനുമതിയില്ലാതെ ഡി കാറ്റഗറിയില്‍ ചിത്രീകരണം നടത്തിയതിന് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.