യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്നും മോചനത്തിന് ധാരണയായെന്നും പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
ഇതൊരു അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. കൂട്ടായ നയതന്ത്ര ശ്രമങ്ങളുടെ ഫലമായി യെമന്‍ ഭരണകൂടം നിമിഷ പ്രിയയുടെ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിമിഷയുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്രപരമായ ഇടപെടലുകള്‍ തുടരുന്നുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള മറ്റ് രാജ്യങ്ങളുടെ സര്‍ക്കാരുകളുടെ സഹായവും തേടുന്നുണ്ട്. നിലവില്‍, നിമിഷയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തുന്ന ഒരു ഔദ്യോഗിക കരാറിലും എത്തിച്ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് ആണ് ഈ വിവരം ആദ്യം അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യെമന്‍ അധികൃതര്‍ ഈ തീരുമാനം അറിയിച്ചതെന്നായിരുന്നു കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘവും നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.