അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നീക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും അടക്കം ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥയായി സൂചിപ്പിക്കുന്നത്.
ഇതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കപ്പെടും. പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിമാരോ 30 ദിവസം കസ്റ്റഡിയില്‍ കിടക്കുകയാണെങ്കിലോ സ്ഥാനം നഷ്ടമാകും. ഇതോടെ് മന്ത്രിസഭ തന്നെ വീഴും. അതേസമയം, ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ല. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്നവര്‍ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള നിയമം.
അതേസമയം, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടുന്ന ബില്ലും അവതരിപ്പിക്കാന്‍ നീക്കം. ഓണ്‍ലൈന്‍ ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനുമുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.