മന്ത്രിയുടെ സ്റ്റാഫിനെ പുറത്താക്കിയത് ആക്രമണത്തിന് ശേഷം; വീണാ ജോർജിന്‍റെ വാദം തള്ളി കോടിയേരി

Jaihind Webdesk
Sunday, June 26, 2022

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിയുടെ സ്റ്റാഫ് ആയിരുന്ന അവിഷിത്തിനെ പുറത്താക്കിയത് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ ആക്ഷേപം ഉയർന്ന ശേഷമെന്ന് കോടിയേരി. ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരേയുണ്ടായ ആക്രമണം എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള എസ്എഫ്ഐ ആക്രമണത്തിന് മുമ്പ് തന്നെ അവിഷിത്തിനെ പുറത്താക്കി എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന എസ്എഫ്ഐ ആക്രമണത്തെ സിപിഎം സംസ്ഥാനസെക്രട്ടറി പാടെ തള്ളി. ഓഫീസ് ആക്രമണം ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതായിരുന്നു. ഇത്തരം സംഭവങ്ങള്‍ പാർട്ടിയെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

സംഘടനകളുടെ മാർച്ചിലും പ്രതിഷേധങ്ങളിലും നിയന്ത്രണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി നിർദ്ദേശിച്ചതായും കോടിയേരി വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്‍റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്ത വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തേണ്ടതെന്നും കേസിൽ സംസ്ഥാന സർക്കാർ എന്ത്‌ അന്വേഷണം പ്രഖ്യാപിക്കാനാണ് എന്നുമായിരുന്നു കോടിയേരിയുടെ മറുപടി.