ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എന്‍ജിനീയർക്ക് മന്ത്രിയുടെ പിഎസിന്‍റെ മർദ്ദനം; പരാതി

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജലവിഭവ മന്ത്രിയുടെ ഓഫീസിൽ വെച്ച് ചീഫ് എൻജിനീയർക്ക് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മർദ്ദനം. പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ ഓഫീസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്‍റെയും കുട്ടനാട് പാക്കേജിന്‍റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാം ഗോപാലിനാണ് മർദ്ദനമേറ്റത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജി കയ്യേറ്റം ചെയ്തതായിട്ടാണ് പരാതി.

ആലപ്പുഴയിലെ കനാൽ നവീകരണവുമായി ബന്ധപ്പെട്ട ചില തർക്കമാണ് മർദ്ദനത്തിന് കാരണമായത്. രാവിലെ നടന്ന യോഗത്തിൽ കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ യോഗത്തിൽ ഉണ്ടായിരുന്നു. ഇതിനുശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ ഓഫീസിലെത്തിയപ്പോഴാണ് ചീഫ് എന്‍ജിനീയർക്ക് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയുടെ മർദ്ദനമേറ്റത്. ഓഫീസിൽ ഉണ്ടായ കയ്യാങ്കളിയില്‍ ചീഫ് എൻജിനീയറുടെ വലതു കൈക്ക് പരുക്കേറ്റു.

സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടിയശേഷം മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും
പരാതി നൽകി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന കയ്യാങ്കള്ളി വിവാദമായി മാറുകയാണ്. ഇതോടെ സംഭവം ഒതുക്കി തീർക്കുവാനുള്ള ചില നീക്കങ്ങളും സജീവമായി.

Comments (0)
Add Comment