മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകളില്‍ ; കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നില്ല : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മന്ത്രിമാർക്ക് താല്‍പര്യം വിദേശയാത്രയിലാണെന്ന് വിമർശിച്ച ഹൈക്കോടതി, ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സർക്കാര്‍ വീഴ്ച വരുത്തുന്നുവെന്നും കുറ്റപ്പെടുത്തി. സർക്കാറിനെതിരായ നാളികേര വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

നാളികേര വികസന കോർപ്പറേഷനിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവും കുടിശികയും മൂന്ന് മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇത് നടപ്പാകാതെ വന്നപ്പോൾ പരാതിക്കാർ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്‍റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ശമ്പള കുടിശിക വിഷയം പരിഹരിക്കുന്നതിലെ വീഴ്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചപ്പോഴാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയിൽ മാത്രമാണ് താല്‍പര്യമെന്ന് കോടതി വിമർശിച്ചത്.

high courtldf government
Comments (0)
Add Comment