പ്രതിപക്ഷ നേതാവായിരിക്കെ താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ‘കമ്മീഷന്‍ സര്‍ക്കാരുകളാണ്’ എന്നും, മന്ത്രിമാരും നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഈ കമ്മീഷന്‍ രാജിന്റെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ ആസൂത്രിതമായി കൊള്ളയടിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, അദ്ദേഹത്തിന്റെ മകന്‍ ശ്യാംജിത്ത്, തോമസ് ഐസക്ക്, എം.ബി. രാജേഷ്, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്.
കിഫ്ബിയുടെ മസാല ബോണ്ട്, ആഴക്കടല്‍ മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന കള്ളക്കളികളും ബിനാമി ഇടപാടുകളും ഈ കത്തുകളില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് കൃഷ്ണ എന്ന ബിനാമിയെ ഉപയോഗിച്ചാണ് പാര്‍ട്ടി നേതൃത്വം ജനങ്ങളുടെ പണം തട്ടിയെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.
മസാല ബോണ്ട് ഇഷ്യുവില്‍ ഒരു ശതമാനം കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. 2150 കോടി രൂപയുടെ മസാല ബോണ്ടിന്റെ ഒരു ശതമാനം കമ്മീഷന്‍ തുക 21.5 കോടി രൂപയാണെന്നും, ഇതില്‍ ആരൊക്കെ പങ്കുപറ്റിയെന്ന് സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വെറും 5.5 ശതമാനം പലിശയ്ക്ക് നബാര്‍ഡ് വായ്പ നല്‍കാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് വെച്ച് 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് ഇഷ്യു നടത്തിയത് കമ്മീഷന്‍ നേടുന്നതിനു വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് മൂലം പലിശയിനത്തില്‍ മാത്രം 1045 കോടി രൂപയുടെ അധിക ഭാരം ജനങ്ങള്‍ക്ക് വന്നു.
താന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പല കരാറുകളും പിന്‍വലിച്ച ശേഷവും ‘അസംബന്ധം’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അതേ വാക്ക് ഉപയോഗിക്കുന്നു. ‘സത്യങ്ങളെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന വാക്കാണ് അസംബന്ധം’ എന്ന് തോന്നിപ്പോകുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.