സംയുക്ത തൊഴിലാളി യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്‌തെങ്കിലും ചീഫ് സെക്രട്ടറി വി പി ജോയ് പതിവു പോലെ ജോലിയ്‌ക്കെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ പ്രധാന ജീവനക്കാരും പണിമുടക്കാതെ ജോലിയ്‌ക്കെത്തിയിരുന്നു. 4,828 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ജോലിയ്‌ക്കെത്തിയത് 32 ജീവനക്കാര്‍ മാത്രം. മന്ത്രിമാരില്‍ മിക്കവരും സെക്രട്ടേറിയറ്റിലേക്ക് എത്തിയതുമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിറക്കിയ അതേ ദിവസത്തെ സെക്രട്ടറിയേറ്റിലെ സ്ഥിതിയാണിത്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില തീരെ കുറവു തന്നെയായിരുന്നു. ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം നിലച്ചു. വളരെ പ്രധാനപ്പെട്ട ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ചൊവ്വാഴ്ചയും സമാന സ്ഥിതിയാകാനാണ് സാദ്ധ്യത.