ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രിതല ചർച്ച ; ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ സമരക്കാർ

Jaihind News Bureau
Sunday, February 28, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്‍.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. 11 മണിക്കാണ് ചർച്ച. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ ഉറപ്പുകൾ ഒന്നും സർക്കാരിൽ നിന്നും ലഭിക്കാൻ സാധ്യത ഇല്ല . സമവായം ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിന്‍റെ ശൈലി മാറ്റാനാണ് സമരക്കാരുടെ തീരുമാനം.

വ്യക്തമായ ഉറപ്പൊന്നും ലഭിക്കാത്തതിനാല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. സമരം സർക്കാരിന് തിരിച്ചടി ആയതോടെ സമരക്കാരുമായി ചർച്ച ആകാമെന്ന് നിലപാട് എടുക്കുകയായിരുന്നു. മന്ത്രി എ.കെ ബാലൻ ഇന്ന് സമരം നടത്തുന്നവരുമായി ചർച്ച നടത്തും. സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരിഹാരമുണ്ടാകുമോ എന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാറിന് പുതിയ ഉറപ്പുകൾ നൽകാനാവില്ല.

ഇന്നത്തെ ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സി.പി.ഒ, എൽ.ജി.എസ് എന്നിവരെ കൂടാതെ ഫോറസ്റ്റ് വാച്ചർ, കെ.എസ്.ആർ.ടി.സി ഡ്രൈവർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ എന്നിവരും സമരത്തിലാണ്. യൂത്ത് കോൺഗ്രസിന്‍റെ നിരാഹാര സമരവും സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുകയാണ്. നേരത്തെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. അന്നും ഒരു ഉറപ്പും സർക്കാർ നല്‍കിരുന്നില്ല. ഇനി പുതിയ ഉത്തരവ് ഇറക്കണം എങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണം.