മന്ത്രിമോഹം ഉപേക്ഷിച്ചു; തോമസ് അധ്യക്ഷ കുപ്പായം തുന്നുന്നു

Jaihind News Bureau
Thursday, February 13, 2025

തിരുവനന്തപുരം: പി.സി. ചാക്കോയുടെ രാജിയോടെ  എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് എം.എൽ.എ തോമസ് കെ തോമസ് വ്യക്തമാക്കി. പാർട്ടിയിൽ ഇപ്പോൾ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെങ്കിലും എല്ലാം ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് തന്‍റെ പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ സംസ്ഥാന അധ്യക്ഷനായിരിക്കണമെന്ന് ആവശ്യം ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ ബാധ്യതയല്ല, ഉത്തരവാദിത്വമായി കാണുന്നതായും തോമസ് കെ തോമസ് പറഞ്ഞു. എൻസിപി കേന്ദ്ര നേതൃത്വം ഈ വിഷയം ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന സൂചനകളുമുണ്ട്.

പി.സി. ചാക്കോയുടെ രാജിയുടെ പിന്നിലെ യഥാർത്ഥ കാരണം അറിയില്ലെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി. “ചാക്കോ പല തീരുമാനങ്ങളും ഒറ്റയ്ക്കായിരുന്നു എടുത്തത്. കൂടെയുള്ളവരുടെ അഭിപ്രായം അദ്ദേഹം ചോദിച്ചിരുന്നില്ല. ചിലയിടങ്ങളിൽ പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പരാമർശങ്ങളും ഉണ്ടായിരുന്നു” – അദ്ദേഹം പറഞ്ഞു.

താൻ എൻസിപി വിട്ടുപോകില്ലെന്നും പാർട്ടിയിൽ ഭിന്നതയില്ലെന്നും പി.സി. ചാക്കോ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “നമ്മുടെ പാർട്ടി ഉറച്ച് മുന്നോട്ട് പോകും. യാതൊരു സാഹചര്യത്തിലും തകർന്നുപോകില്ല” – തോമസ് വ്യക്തമാക്കി.

തൻ്റെ അനുഭവസമ്പത്ത് കൊണ്ടും നേതൃത്വം കഴിവ് കൊണ്ടും എ.കെ. ശശീന്ദ്രൻ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള പാർട്ടിയുടെ വിശ്വാസം ഉറപ്പിച്ചതാണെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.