
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മന്ത്രി വി.എൻ. വാസവൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായ സി.പി.എം നേതാവ് എ. പത്മകുമാറിന്റെ അഞ്ച് മാസം മുൻപുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദമായ ഈ ദൃശ്യങ്ങൾ ഉള്ളത്. ഇത് സ്വർണ്ണക്കടത്ത് പ്രതികളും ഭരണകക്ഷി നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന ആരോപണം ശക്തമാകുകയാണ്.
ശബരിമല തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ വിവാഹ ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രം. ചടങ്ങിൽ സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തൊട്ടടുത്ത് മന്ത്രി വി.എൻ. വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അനന്തഗോപനും നിൽക്കുന്നത് വ്യക്തമായി കാണാം. സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണം പുരോഗമിക്കവെ, പ്രതികൾക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ഈ ചിത്രം വലിയ ശക്തി പകർന്നിരിക്കുകയാണ്.
കേസിൽ റിമാൻഡിലായ സി.പി.എം നേതാവ് തന്നെ ഈ ചിത്രം പങ്കുവെച്ചു എന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾക്കും ഈ ചിത്രം തിരിച്ചടിയാകുന്നു. സ്വർണ്ണക്കൊള്ളയുടെ വേരുകൾ ഭരണസിരാകേന്ദ്രങ്ങളിലേക്ക് നീളുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ ഈ ചിത്രം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.