ഇഡിയുടേത് സംശയാസ്പദ നീക്കം, എസ്‌ഐടി അന്വേഷണം തൃപ്തികരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മന്ത്രി വി.എന്‍. വാസവന്‍

Jaihind News Bureau
Tuesday, January 20, 2026

 

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഇഡി ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. പ്രത്യേക അന്വേഷണ സംഘം കേസ് ഭംഗിയായി അന്വേഷിക്കുമ്പോള്‍ ഇഡി നടത്തുന്ന നീക്കങ്ങള്‍ സംശയകരമാണെന്ന് മന്ത്രി പറഞ്ഞു. ഇഡിയുടെ വിശ്വാസ്യത നേരത്തെ തന്നെ നഷ്ടപ്പെട്ടതാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ പോലും കൈക്കൂലി കേസില്‍ പുറത്തായ കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു. ‘ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഏത് കാലത്തെ അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. അന്വേഷണം തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ പോകട്ടെ, അതില്‍ സര്‍ക്കാരിന് ഭയമില്ല. എന്നാല്‍ എസ്ഐടി അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുമ്പോള്‍ വഴിപറഞ്ഞു കൊടുക്കാന്‍ ഇഡി വരേണ്ടതില്ല,’ മന്ത്രി വ്യക്തമാക്കി. എസ്ഐടി ആണ് കേസ് അന്വേഷിക്കുന്നത്, സര്‍ക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓപ്പറേഷന്‍ ഷാഡോ’ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലായാണ് ഇഡി വ്യാപക റെയ്ഡ് നടത്താന്‍ പോകുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഇഡി അറിയിച്ചു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവരുടെ വീടുകളിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ വിവിധ സംസ്ഥാനങ്ങളിലെ വസതികളിലും സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുക്കുന്നതിനുമാണ് ഈ അസാധാരണ നടപടിയെന്ന് ഇഡി വ്യക്തമാക്കി. എസ്ഐടി ക്രിമിനല്‍ വശം അന്വേഷിക്കുമ്പോള്‍, സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണ സാധ്യതകളാണ് ഇഡി പരിശോധിക്കുന്നത്.