സ്വന്തം നിലയില്‍ റോഡ് അളക്കാന്‍ മന്ത്രി വീണയുടെ ഭർത്താവ്; തടഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകർ, നാടകീയ രംഗങ്ങള്‍

Jaihind Webdesk
Wednesday, June 19, 2024

 

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമ്മാണത്തിന്‍റെ ഭാഗമായി പുറമ്പോക്ക് കയ്യേറിയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെ സ്വന്തം നിലയില്‍ ഭൂമി അളക്കാനുള്ള നീക്കം തടഞ്ഞ് കോണ്‍ഗ്രസ്. മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് ആളുകളുമായെത്തി റോഡ് അളക്കാന്‍ നടത്തിയ ശ്രമമാണ് കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്.

മന്ത്രിയുടെ ഭര്‍ത്താവല്ല, റെവന്യു ഉദ്യോഗസ്ഥരാണ് അളക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ നീക്കം തടഞ്ഞത്. റോഡ് അളക്കാന്‍ മന്ത്രിയുടെ ഭർത്താവിന് ആരാണ് അനുവാദം നല്‍കിയതെന്നും പ്രവർത്തകർ ചോദിച്ചു. മന്ത്രിയുടെ ഭര്‍ത്താവിന്‍റെ ഗുണ്ടായിസം അനുവദിക്കില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്നാണ് ആരോപണം. ഓടയുടെ അലൈൻമെന്‍റ് മാറ്റാനായി വീണയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരനും ആരോപിച്ചിരുന്നു.

വിഷയം ഉയർത്തി കൊടുമൺ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. കെട്ടിടത്തിന്‍റെ മുന്നിൽ നിന്ന് 3 മീറ്ററോളം റോഡിലേക്ക് ഇറക്കി, ഭൂമി കയ്യേറി ഓട വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇതിനുപിന്നാലെ കെട്ടിടത്തിനു മുന്നിലെ നിർമ്മാണപ്രവൃത്തികള്‍ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.