മന്ത്രി വീണയുടെ ഡല്‍ഹിയാത്ര ക്യൂബക്കാരെ കാണാന്‍; ആശമാരുടെ കാര്യത്തിനല്ല

Jaihind News Bureau
Thursday, March 20, 2025

സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരക്കിട്ട് ഡല്‍ഹിയ്ക്ക് ഓടിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മരുന്നു വികസനം ചര്‍ച്ച ചെയ്യാനുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാരുമായുള്ള സമരം പൊളിഞ്ഞതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ആരോഗ്യമന്ത്രി ഡല്‍ഹിയ്ക്കു തിരിച്ചത്. ഇന്‍സന്റീവ് അടക്കമുള്ള വേതന വര്‍ദ്ധനവ് വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ് അത് നേരിട്ടു സംസാരിക്കും എന്നാണ് മന്ത്രി ഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പു വരെ മാദ്ധ്യമങ്ങളോടു പറഞ്ഞത്. പാര്‍ലമെന്റ് നടത്തുന്ന സമയത്ത് കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ചയുടെ സമയം പോലും നിശ്ചയിക്കാതെയായിരുന്നു വീണാ ജോര്‍ജജിന്റെ യാത്ര. ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ താനുമുണ്ടായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ നാലു സബ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അതിലൊന്ന് കാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ അടിയന്തരമായി നടത്താനാണ് ഡല്‍ഹിയില്‍ ഓടിയെത്തിയെന്നാണ് ഇപ്പോള്‍ വീണാ ജോര്‍ജ്ജ് പറയുന്നത്.

ഇതിനിടെ സമയം കിട്ടിയാല്‍ എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു . കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടും. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ നിരാഹാര സമരം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, കൂടാതെ എയിംസ് കേരളത്തിന് ലഭ്യമാക്കണം എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ അറിയിച്ചു.

ജെ പി നഡ്ഡ കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ താന്‍ ഡല്‍ഹിയിലെത്തി അദ്ദേഹത്തെ കണ്ട് ഈ ആവശ്യങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നതാണ്. ഇതുകൂടാതെ കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും തേടും. കേന്ദ്രമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അഥവാ ചര്‍ച്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ നിവേദനം കൈമാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ശ്വാസകോശ അര്‍ബുദം, ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ വാക്സിന്‍ ഡെവലപ്പ് ചെയ്യുന്നതിനും വേണ്ടിയിട്ടുള്ളതാണ്. മലബാര്‍ കാന്‍സര്‍ സെന്ററുമായിട്ടാണ് ക്യൂബയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷാണ് ആ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. അല്‍ഷിമേഴ്സ്, ഡയബറ്റിക്സ് എന്നിവ സംബന്ധിച്ചും ക്യൂബയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന ഈ വിഷയങ്ങളില്‍ ക്യൂബന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.