മന്ത്രി വി ശിവന്‍കുട്ടിയുടെ സ്റ്റാഫുകളുടെ ശമ്പളവും തസ്തികയും ഉയർത്തി; പിഎസ്‌സി നോക്കുകുത്തി, ധൂർത്തിനും അവസാനമില്ല

Jaihind Webdesk
Saturday, August 20, 2022

 

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫിസിലെ പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവ്. അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും തസ്തിക പുനർനിർണയിച്ചു. ഇതോടെ ആനന്ദിന്‍റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്‍റെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായും ഉയരും. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും അതിന് ആനുപാതികമായി ഉയരും.

അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതാണ്. അഡീഷണൽ പി.എ യുടെ ശമ്പളം സെക്രട്ടേറിയേറ്റിലെ സെക്ഷൻ ഓഫീസറുടേതാണ്. മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇവരുടെ തസ്തികയും ശമ്പളവും ഉയർത്തിയത്. സെക്രട്ടേറിയറ്റിൽ അസിസ്റ്റന്‍റായി പിഎസ്‌സി പരീക്ഷകൾ എഴുതി കയറുന്നവർക്ക് 20 വർഷം കഴിയുമ്പോൾ ലഭിക്കുന്ന പ്രൊമോഷൻ തസ്തികയാണ് അണ്ടർ സെക്രട്ടറിയുടേത്. 15 വർഷം കഴിയുമ്പോഴാണ് സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്. പേഴ്സണൽ സ്റ്റാഫായി ക്ലർക്ക് തസ്തികയിൽ കയറിക്കൂടിയ സന്തോഷ് കുമാറിന് ഗസറ്റഡ് തസ്തികയായ അഡീഷണൽ പി.എ പോസ്റ്റു ലഭിച്ചത് ഒരു വർഷം കൊണ്ടാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ  നടക്കാതെ ഇരിക്കുമ്പോഴാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും തോന്നുമ്പോലെ ഉയർത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ഡി.എ യും ലീവ് സറണ്ടറും പെൻഷൻകാരുടെ ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുമ്പോഴാണ് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ടുന്നത്.

2022 ഓഗസ്റ്റ് 17 നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയിരിക്കുന്നത്. 02.8.2022 ൽ വി ശിവൻകുട്ടി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്‍റെ തീരുമാനം. പേഴ്സണൽ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ശമ്പള സ്കെയിൽ : ക്ലർക്ക്: 31,100- 66,800, അഡീഷണൽ പിഎ: 50,200 – 1,05,300 അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി: 63,700- 1,23,700.