മദ്യവില്‍പന ശാലകള്‍ അടയ്ക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

Jaihind News Bureau
Tuesday, March 17, 2020

 

തിരുവനന്തപുരം : കൊവിഡ്-19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ മദ്യശാലകള്‍ അടക്കില്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാർ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കോവിഡ്-19 വ്യാപനം ചെറുക്കാന്‍ മദ്യശാലകളും അടച്ചിടണമെന്ന്  പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണം എന്നാവശ്യപ്പെട്ട് ലഹരി നിര്‍മാര്‍ജന സമിതിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം മദ്യവില്‍പനശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി പറഞ്ഞു. പരസ്പരം സ്പര്‍ശിക്കാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ബിവറേജസുകളില്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോർപറേഷനും സർക്കുലർ പുറത്തിറക്കി. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ നിർദേശിക്കുന്നു. കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാനും നിർദേശമുണ്ട്. 270 ഔട്ട്ലെറ്റുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സർക്കുലറില്‍ പറയുന്നു.