പെന്‍ഷന്‍കാരേ, ഭയം വേണ്ട, ജാഗ്രത മതി; മരണനിരക്കു കുറയുന്നത് സര്‍ക്കാരിന് ബാദ്ധ്യതയെന്ന് മന്ത്രി സജി ചെറിയാന്‍

Jaihind News Bureau
Sunday, March 23, 2025

ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ വാങ്ങുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും ഇത് സര്‍ക്കാരിന് വന്‍ ബാദ്ധ്യതയാകുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂട്ടി.ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പറ്റുന്ന ആളുകള്‍ മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സജി ചെറിയാന്‍ പറഞ്ഞു.

‘പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്.- സജി ചെറിയാന്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണെന്നും ഇത് പ്രശ്‌നമാണെന്നും സജി ചെറിയാന്‍ ആലപ്പുഴയിലെ പൊതുവേദിയില്‍ പറഞ്ഞു. മരണ നിരക്ക് കുറഞ്ഞുവരികയാണ്. 80 വയസും 90 വയസുമെല്ലാമുള്ളവര്‍ പെന്‍ഷന്‍ വാങ്ങുന്നു. 80, 90, 95, 100 വയസുവരെയൊക്കെ ജീവിക്കുന്നവരുണ്ട്. തന്റെ അമ്മയ്ക്ക് 94 വയസുണ്ടെന്നും അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.