നിയമസഭാ കക്ഷിയോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമർശനം

Jaihind Webdesk
Thursday, October 14, 2021

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനം. കരാറുകാരെയും കൂട്ടി എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിന്‍റെ പേരിലാണ് വിമര്‍ശനം ഉണ്ടായത്. മന്ത്രിയുടെ പ്രസ്താവനയില്‍ എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു.

കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സിപിഎം എംഎല്‍എമാരെ ചൊടിപ്പിച്ചത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ വിമര്‍ശിച്ചു. തലശേരി എംഎല്‍എ  എഎന്‍.ഷംസീറാണ് വിമര്‍ശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനം ഏറ്റെടുത്തു.

മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംഎല്‍എമാര്‍ക്ക് കരാറുകാര്‍ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോള്‍ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമര്‍ശം നിയമസഭയില്‍ വെച്ച് മന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് നിയമസഭാ കക്ഷിയോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. വിമര്‍ശനം കടുത്തതോടെ നിയമസഭാ കക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കി. തെറ്റായ ഉദ്ദേശത്തിലല്ല പരാമര്‍ശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതില്‍ പരോക്ഷമായി ഖേദ പ്രകടനവും നടത്തി.