മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണം ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ; നാളെ പൂന്തുറയില്‍ സത്യഗ്രഹം

കൊല്ലം : മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ മത്സ്യസമ്പത്ത് വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കാനും വേണ്ടി സര്‍ക്കാര്‍ നടത്തിയ വന്‍ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കൊല്ലത്ത് വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒരു ധാരണാപത്രം പിന്‍വലിച്ചതുകൊണ്ട് കാര്യമില്ലെന്നും കെ.എസ്.ഡി.ഐ.സിയുമായി നടത്തിയ 5,000 കോടിയുടെ ധാരണാപത്രം റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരും പങ്കാളികളായതിനാല്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രിക്ക് ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ വസ്തുതാപരമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. 2018 ന്യൂയോര്‍ക്കില്‍ വെച്ച് ഇ.എം.സി.സിയുമായി മന്ത്രി ചര്‍ച്ച നടത്തിയെന്നത് സത്യമാണ്. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. മേൽ വിലാസം ഇല്ലെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തിയ കമ്പനിയുമായി കേരള സർക്കാർ എങ്ങനെ കരാർ ഒപ്പുവെച്ചുവെന്നത് വ്യക്തമാക്കണം. കേന്ദ്രമന്ത്രി മുരളീധരനേയും ന്യൂയോർക്കിൽ വച്ചു കണ്ടു എന്നാണ് ഇ.എം.സി.സി പ്രസിഡന്‍റ് സിജു വർഗീസ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്‍റെ മത്സ്യസമ്പത്ത് കൊളളയടിക്കാനുളള നീക്കത്തിന് സർക്കാർ അംഗീകാരം കൊടുക്കുമായിരുന്നു.

മത്സ്യത്തൊഴിലാളികളെയും മത്സ്യ സമ്പത്തും ചൂക്ഷണം ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരായ പ്രതിഷേധങ്ങൾ യു.ഡി.എഫ് ശക്തമാക്കും. നാളെ രാവിലെ 9 മണി മുതൽ പൂന്തുറയിൽ സത്യഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 27 ന് നടക്കുന്ന തീരദേശ ഹർത്താലിന് യു.ഡി.എഫ് പൂർണ പിൻതുണ നൽകും. ടി.എന്‍ പ്രതാപൻ എം.പി യുടെയും ഷിബു ബേബി ജോണിന്‍റേയും നേതൃത്വത്തിൽ രണ്ട് ജാഥകൾ കേരളത്തിൽ നടത്തും. ശബരിമല കേസുകൾ പിൻവലിക്കുവാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തങ്ങളാണ് ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

Comments (0)
Add Comment