കെ.ടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

Jaihind News Bureau
Saturday, October 17, 2020

 

മലപ്പുറം : മന്ത്രി കെ.ടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്‍റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ  പിടിച്ചെടുത്തത്. ഫോൺ കസ്റ്റംസ് സംഘം പരിശോധിച്ച് വരികയാണ്. പ്രജീഷിന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കായാണ് മൊബൈൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോൺവിളി വിവാദങ്ങൾ അടക്കം നിലനിൽക്കെയാണ് കസ്റ്റംസ് ഫോൺ കസ്റ്റഡിയിലെടുത്തത്.  മതഗ്രന്ഥം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസും എൻഫോഴ്സ്മെന്‍റും എൻഐഎയും നേരത്തെ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്‍റെ  ഭാഗമായാണ് ജലീലിന്‍റെ ഗൺമാനെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നത്