സ്വർണ്ണക്കള്ളക്കടത്തില്‍ അന്വേഷണം മന്ത്രി കെ.ടി ജലീലിലേക്കും? ഉന്നതവിദ്യാഭാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന

Jaihind News Bureau
Thursday, July 30, 2020


തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് അന്വേഷണം മന്ത്രി കെ.ടി ജലീലിലേക്കെന്ന് സൂചന. ഉന്നതവിദ്യാഭാസ വകുപ്പിന് കീഴിലുള്ള വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന നടന്നു. യു.എ.ഇ കോൺസുലേറ്റ് വാഹനം നിരവധി തവണ സി-ആപ്റ്റിൽ എത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു കസ്റ്റംസിന്‍റെ റെയ്ഡ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി നിരവധി തവണ മന്ത്രി കെ.ടി ജലീൽ ഫോൺ സംഭാഷണം നടത്തിയിട്ടുണ്ടെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ മന്ത്രിക്ക് കുരുക്ക് മുറുകി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി-പാറ്റിൽ കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. നിരവധി തവണ യു.എ.ഇ കോൺസുലേറ്റിലെ വാഹനം ഈ സ്ഥാപനത്തിൽ വന്നിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവിടുത്തെ സി.സി ടി.വി ദൃശ്യങ്ങളും മറ്റും കസ്റ്റംസ് സംഘം ശേഖരിച്ചുവെന്നാണ് വിവരം. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഇവിടെ പരിശോധന നടത്തി. കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.

നേരത്തെ കെ.ടി ജലീലും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റും തമ്മിൽ നേരിട്ടുള്ള ഇടപെടലിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായും ചുമതലയിലുള്ളവരുമായും സംസ്ഥാനമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ട കാര്യമില്ല. നയതന്ത്ര വിഷയങ്ങളിൽ സമാന്തര ഇടപെടലുകളുടെ ആവശ്യമില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം സ്വർണ്ണക്കടത്തിൽ മന്ത്രിക്കെതിരെ അന്വേഷണം തുടങ്ങിയത് ഇടതുമുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.