തേവലക്കരയിലെ വിദ്യാലയത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വേണ്ടത്ര ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും ലൈന്‍ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു. സ്‌കൂളില്‍ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തിയ മന്ത്രി അനാസ്ഥ കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകാന്‍ പാടില്ല. ഇത്തരം ലൈനുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.