വീര്യം കുറഞ്ഞ മദ്യ ഉല്പാദന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും : എക്സൈസ് മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. അതേ സമയം ഒന്നാം തീയതികളിൽ ബാറുകളും മദ്യവിൽപനശാലകളും തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു.

ഒന്നാം തീയതികളിൽ ബാറുകൾ തുറക്കില്ലെന്ന് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.മഞ്ഞളാം കുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. അതേ സമയം ഇടത് സർക്കാരിന്‍റെ മദ്യ നയം പരാജയമെന്ന് നിയമസഭയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാർ മദ്യത്തിന്‍റെ വിൽപന വ്യാപിപ്പിക്കുകയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. അതേ സമയം മദ്യനയം പരാജയമെന്ന് അംഗീകരിക്കാനാവില്ലെന്ന് എക്സെസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. റോഡിൽ കുടിച്ച് കിടക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം തീരപ്രദേശത്ത് കാസിനോകൾക്ക് അനുവാദം നൽകാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും എക്സൈസ് മന്ത്രി സഭയിൽ പറഞ്ഞു. നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിലായിരുന്നു മദ്യനയം ചർച്ചയായത്.

Excise Minister
Comments (0)
Add Comment