കണ്ണൂർ : മകൻ ഡയറക്ടറായ കമ്പനിയുടെ വിവാദ ആയുർവേദ റിസോർട്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ പി ജയരാജൻ. റിസോർട്ടിനായി ആന്തൂർ നഗരസഭ അനുമതി നല്കിയതും നിർമ്മാണപ്രവർത്തനങ്ങള്‍ക്കായി ഏക്കർ കണക്കിന് കുന്നിടിച്ചതും നേരത്തെ വിവാദമായിരുന്നു. എതിർപ്പുകള്‍ മറികടന്നായിരുന്നു റിസോർട്ടിൻ്റെ ഉദ്ഘാടനം.
2016 ഒക്ടോബർ 27ന് ആന്തൂർ നഗരസഭയാണ് റിസോർട്ടിന് കെട്ടിടാനുമതി നൽകിയത്. ഉടുപ്പകുന്ന് ഇടിച്ച് നിരത്തിയുള്ള റിസോർട്ട് നിർമ്മാണത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കളക്ടടർക്ക് പരാതി നൽകിയിരുന്നു. പരാതി പ്രകാരം കളക്ടർ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും പാരിസ്ഥിതിക ആഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ തുടർനടപടി ഉണ്ടായില്ല. പാരിസ്ഥിതിക ആഘാത പOന റിപ്പോർട്ട് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചാണ് റിസോർട്ട് നിർമ്മാണം പൂർത്തിയാക്കിയതെന്ന വിമർശനമാണ് ഉയരുന്നത്.
മന്ത്രി ഇ.പി ജയരാജൻ്റെ മകൻ ജയ്സണൊപ്പം വൻ വ്യവസായികൾക്കുമാണ് ആയ്യുർവ്വേദ റിസോർട്ടിൽ പങ്കാളിത്തമുള്ളത്. കണ്ണൂർ ആയുർവ്വേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. ജയ്സൺ ആണ് കമ്പനിയുടെ ചെയർമാൻ. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജൻ്റെ മകനുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ, ജയിംസ് മാത്യു എംഎൽഎ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു.