പ്രവാസിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍; പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയെ പിന്തുണച്ച് നിയമസഭയിൽ മന്ത്രി ഇ.പി ജയരാജൻ. സാജന്‍റെ അത്മഹത്യയിൽ പി.കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഉറച്ച നിലപാടെടുത്തു. അതേസമയം അന്വേഷണം അട്ടിമറിക്കുന്നതിന്‍റെ സൂചനയാണ് മന്ത്രിയുടെ നിലപാടെന്ന്
പ്രതിപക്ഷം ആരോപിച്ചു.

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരേ എന്തുകൊണ്ട് നടപടിയില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ചോദ്യത്തിന് പ്രതികരണമായാണ് പി.കെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തിയത്. പി.കെ ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടാണ് സഭയിൽ മന്ത്രി സംസാരിച്ചത്.

പ്രതിപക്ഷം ചൂണ്ടിക്കാട്ടി എന്നതുകൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ പ്രതിപക്ഷം ദുഃഖിക്കേണ്ടി വരുമെന്നും പറഞ്ഞ് മന്ത്രി പി.കെ ശ്യാമളയെ ന്യായീകരിച്ചു. അന്വേഷണത്തിലിരിക്കുന്ന കേസിൽ നഗരസഭാ അധ്യക്ഷ കുറ്റക്കാരിയല്ലെന്ന് മന്ത്രി പറയുന്നത് എന്തർത്ഥത്തിലാണെന്നും ഇത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും പി.ടി തോമസ് പറഞ്ഞു.

അതേസമയം സാജന്‍റെ ആത്മഹത്യയിൽ പ്രതിയെ രക്ഷിക്കുമെന്നതിന്‍റെ സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

E.P. Jayarajanp.k syamalaanthoor issue
Comments (0)
Add Comment