കുവൈത്തില്‍ ഭാര്യയെയും മക്കളെയും സ്പോണ്‍സര്‍ ചെയ്യാന്‍ കുറഞ്ഞ ശമ്പളം 800 ദിനാര്‍?; ഫീസുകള്‍ കുത്തനെ കൂട്ടി

Jaihind News Bureau
Monday, November 24, 2025

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ, വീസ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഭാര്യയെയും മക്കളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 കുവൈത്തി ദിനാറാക്കി. അതേസമയം, കുടുംബത്തിന് പുറത്തുള്ള ആശ്രിതരെയോ മാതാപിതാക്കളെയോ സഹോദരങ്ങളെയോ സ്പോണ്‍സര്‍ ചെയ്യാന്‍ പ്രതിവര്‍ഷ ഫീസ് 300 കുവൈത്തി ദീനാറായി ഉയര്‍ത്തി. ടൂറിസം, കുടുംബ സന്ദര്‍ശനങ്ങള്‍, വര്‍ക്ക് എന്‍ട്രി, റെസിഡന്‍സി എന്‍ട്രി ഉള്‍പ്പെടെ എല്ലാതരം സന്ദര്‍ശക വിസകള്‍ക്കും 10 കുവൈത്തി ദീനാര്‍ ഫീസ് ഈടാക്കും. അതേസമയം, വിസിറ്റ് വിസകള്‍ പരമാവധി ഒരു വര്‍ഷം പുതുക്കാനാകും. ചിലത് വ്യവസ്ഥകള്‍ക്ക് കീഴില്‍ ഇഖാമയായി മാറ്റാനും സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍. പുതുക്കിയ നിരക്ക് ഒരു മാസത്തിനകം പ്രാബല്യത്തില്‍ വരും. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് അധിക സാമ്പത്തിക ഭാരമാകുന്നതാണ് ഈ പുതിയ മാറ്റങ്ങളെന്ന് ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

REPORT : ELVIS CHUMMAR- JAIHIND TV MIDDLE EAST BUREAU