‘വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം’; മന്ത്രിയെ വേദിയിലിരുത്തി അൻവറിന്‍റെ വിമർശനം

 

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യമൃഗങ്ങളേക്കാൾ ക്രൂരമാണെന്നും വനത്തിനുള്ളിൽ അനാവശ്യമായി കെട്ടിടങ്ങൾ പണിയുകയാണെന്നും പി.വി. അൻവർ എംഎൽഎ. വനം – വന്യജീവി സംരക്ഷണത്തിനു മാത്രമല്ല, മനുഷ്യ സംരക്ഷണത്തിനും മന്ത്രി വേണ്ട അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ വനം വകുപ്പിന്‍റെ കെട്ടിടോദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്‍റെ വിമർശനം.

നേരത്തെ പോലീസ് അസോസിയോഷന്‍റെ സമ്മേളനത്തിൽ എസ്പിക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നേരെ അൻവർ വിമർശനമുന്നയിച്ചിരുന്നു. ഇത് പിന്നീട് എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ വരെയുള്ള വിമർശനമായി മാറിയിരുന്നു. ഈ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വിമർശനങ്ങളുമായി അൻവർ രംഗത്തുവന്നത്.

ആവശ്യങ്ങളുമായി സമീപിക്കുന്ന ജനത്തെ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വന്യമൃഗത്തിൽനിന്ന് രക്ഷ നേടാനായി ഫെൻസിങ് സ്ഥാപിക്കാൻ ആവശ്യപ്പെടുമ്പോൾ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അവരുടെ സൗകര്യം വർധിപ്പിക്കാനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനുമായി കോടികൾ ചെലവഴിക്കുന്നു. ഇതിന് യാതൊരു മാനദണ്ഡവുമില്ല. നിലമ്പൂരിൽ നേരത്തെ ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണയും കാണിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ ജനം കൈയേറ്റം ചെ‍യ്യുമെന്നും അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.

Comments (0)
Add Comment