ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Jaihind Webdesk
Friday, May 21, 2021

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ക്ഷീരകർഷകർ കനത്ത പ്രതിസന്ധിയിൽ. 60% പാല് ശേഖരിച്ചാൽ മതിയെന്ന് മിൽമയുടെ തീരുമാനമാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നത്. കർഷകരുടെ നേതൃത്വത്തിൽ കോഴിക്കോട് നടുവണ്ണൂരിൽ മിൽമയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ 60 ശതമാനം പാൽ മാത്രം സംഭരിച്ചാൽ മതിയെന്ന മിൽമയുടെ തിരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ പ്രതിഷേധം. മുമ്പുണ്ടായിരുന്ന ഉച്ചയ്ക്ക് പാൽ എടുക്കുന്ന രീതി ഒഴിവാക്കിയതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. തങ്ങളുടെ ജീവിത മാർഗം ഇല്ലാതാക്കുന്ന മിൽമയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കോട്ടൂർ മിൽമയുടെ പാൽ സംഭരണ കേന്ദ്രത്തിന് മുൻമ്പിൽ ക്ഷീരകർഷകര്‍ പാലൊഴുക്കി കളഞ്ഞ്  പ്രതിഷേധിച്ചത്.

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് തീരുമാനം പുനഃപരിശോധിക്കണമെന്നും ക്ഷീരകർഷകർ ആവശ്യപ്പെട്ടു. വി.കെ ഉണ്ണിനായർ, എം.എം അശോകൻ, വി.എം ശാന്ത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.