ക്ഷീര കർഷകർക്ക് അടിയന്തിര സഹായമായി 2000 രൂപ അനുവദിക്കണം; സർക്കാർ സഹായം മുഴുവൻ ക്ഷീര കർഷകർക്കും ബാധകമാക്കണം : ആവശ്യം ഉന്നയിച്ച് മിൽമ എറണാകുളം മേഖല

Jaihind News Bureau
Tuesday, April 7, 2020

രാപ്പകൽ കഷ്ടപ്പെടുന്ന ക്ഷീര കർഷകർക്ക് മറ്റു ക്ഷേമനിധികളിലേതുപോലെ അടിയന്തിര സഹായമായി 2000 രൂപ അനുവദിക്കണമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്. സർക്കാർ സഹായം മുഴുവൻ ക്ഷീര കർഷകർക്കും ബാധകമാക്കണമെന്നും വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ കാലത്തും ക്ഷീര മേഖല ആവശ്യസർവീസ് ആയി പ്രഖ്യാപിച്ചതിനെത്തുടർന്ന് രാപ്പകൽ കഷ്ടപ്പെടുകയാണ് സംസ്ഥാനത്തെ ക്ഷീര കർഷകർ. അതിനാൽ മറ്റു ക്ഷേമനിധികളിലേതുപോലെ ക്ഷീരകർഷകർക്കും അടിയന്തിര സഹായമായി 2000 രൂപ സർക്കാർ അനുവദിക്കണമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പരമാവധി 1000 രൂപ വരെ സഹായം നൽകും എന്നായിരുന്നു. ഈ തുക പര്യാപ്തമല്ലെന്ന് ജോൺ തെരുവത്ത് പറഞ്ഞു. മാത്രമല്ല 3 മേഖലകളിലുമായി 1,72,000 ത്തോളം ക്ഷീരകർഷകർ ഈ മേഖലയിൽ പണിയെടുക്കുമ്പോൾ, പകുതിയിൽ താഴെ മാത്രം പേർ അംഗങ്ങളായ ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമായി അടിയന്തിര സഹായം അനുവദിച്ചതിലും പ്രതിഷേധമുണ്ട്.

ലോക്ക് ഡൗണിന് മുമ്പത്തെ പോലെ ക്ഷീര കർഷകരിൽനിന്നും ലഭിക്കുന്ന മുഴുവൻ പാലും എറണാകുളം മേഖല യൂണിയൻ വിതരണം ചെയ്യുന്നുണ്ടെന്നും ചെയർമാൻ അവകാശപ്പെട്ടു. മിൽമക്ക് സ്വന്തമായി പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അധികമുള്ള പാൽ – പാൽപ്പൊടി നിർമ്മാണത്തിന് ഉപയോഗിക്കാനാകും. ആലപ്പുഴയിലെ കേരള മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനാകുമെന്നും
ജോൺ തെരുവത്ത് പറഞ്ഞു.