ഭീകരർക്ക് ഇന്ത്യയിലേക്കും നോട്ടം ; ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ലക്ഷ്യം : രഹസ്യാന്വേഷണ സംഘം

Jaihind Webdesk
Saturday, August 28, 2021


ന്യൂഡല്‍ഹി : കാബൂളില്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം. ഐഎസിന്‍റെ  ഉപസംഘടനയായ ഐഎസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന്‌ ഇന്റലിജന്‍സ് സൂചന നല്‍കുന്നു.

തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. ‘ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസ്‌ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചില വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്‌മെന്റില്‍ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്താനെ താലിബാന്‍ ഏറ്റെടുക്കുന്നതോട് കൂടി തീവ്രവാദ സംഘങ്ങളുടെ ഉറച്ച മണ്ണായി ആ രാജ്യം മാറുകയാണ്. ജമ്മുകശ്മീരില്‍ സ്ഥിരമായി ആക്രമണം നടത്താറുള്ള പാക് ആസ്ഥാനമായ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതൃത്വം കാണ്ഡഹാര്‍ അതിര്‍ത്തിയായ അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് പ്രവിശ്യയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വം കിഴക്കന്‍ അഫ്ഗാനിലെ കുനാറിലേക്ക് മാറിയതായും വിവരമുണ്ടെന്നാണ് രഹസ്യാന്വേഷണ സംഘങ്ങള്‍ പറയുന്നത്.

താലിബാന്‍ വാഗ്ദാനം ചെയ്ത സുരക്ഷ പാലിക്കാന്‍ കഴിയില്ലെന്ന് തെളിയാക്കാന്‍ കൂടിയാണ് ഐഎസ്-കെ കാബൂള്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. അതൊടൊപ്പം തന്നെ തങ്ങളുടെ സ്വാധീനം തെളിയിക്കുക കൂടി ആക്രമണത്തിലൂടെ അവര്‍ ലക്ഷ്യമിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.