ശബരിമല യുവതി പ്രവേശന വിധി : നാള്‍വഴികളിലൂടെ….

Jaihind Webdesk
Wednesday, February 6, 2019

Sabarimala-case-milestones

സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിയും തുടർന്നുണ്ടായ വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. പതിറ്റാണ്ടുകളുടെ നിയമപോരാട്ടത്തിനൊടുവിൽ സെപ്റ്റംബർ 28ന്  വിധി പുറത്ത് വന്നതോടെ കേരളം സംഘർഷ ഭൂമിയായി മാറി. ഒന്നിന് പുറകെ ഒന്നായി കേസുകളും വിവാദങ്ങളും എത്തി. ഇനിയും വിരാമമാകാത്ത ശബരിമല കേസിന്‍റെ നാൾവഴികളിലൂടെ

നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പോയവർഷം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് ആ വിധിയിലൂടെ തന്നെയാണ്. ശബരിമലയിലെ യുവതീപ്രവേശം ചൂണ്ടിക്കാട്ടി 2006ലാണ് പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഫയൽചെയ്ത് പന്ത്രണ്ട് വർഷത്തിന് ശേഷമായിരുന്നു സുപ്രീംകോടതി യുടെ സുപ്രധാന വിധി. 1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ് ആർത്തവകാലത്ത് സ്ത്രീകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇതുപ്രകാരം ശബരിമലയിൽ ഏർപ്പെടുത്തിയ സ്ത്രീകൾക്കുള്ള നിയന്ത്രണം 1991ൽ കേരള ഹൈക്കോടതി ശരിവച്ചു. അതിനെതിരെയാണ് യംഗ് ഇന്ത്യൻ ലോയേഴ്‌സ് അസോസിയേഷൻ 2006ൽ സുപ്രീംകോടതിയെ സമീപിച്ചത്. 2008ൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, ഏഴ് വർഷത്തിന് ശേഷമാണ് കേസ് പരിഗണിച്ചത്.

ഭരണഘടനാപരമായി നിലനിൽക്കാത്ത നിയന്ത്രണങ്ങൾ റദ്ദാക്കുമെന്ന് കോടതി കേസ് പരിഗണിക്കുമ്പോഴെല്ലാം ആവർത്തിച്ചിരുന്നു. കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റവും വിവാദമായി. 2007ൽ വി.എസ്.സർക്കാർ യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് കോടതിയെ അറിയിച്ചു. അതേസമയം തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്ത് ആചാരങ്ങളിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകി. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാട് പിൻവലിക്കുകയായിരുന്നു. 2017 ഒക്ടോബറിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീംകോടതി നിർണായക വിധിയും പുറപ്പെടുവിച്ചു. വരും വരായ്കകൾ ആലോചിക്കാതെയുള്ള പിണറായി സർക്കാരിന്റെ തീരുമാനമാണ് കേരളത്തെ സംഘർഷഭൂമിയാക്കിയത്. അത് വഴിയുടെ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനും കേരളം സാക്ഷിയായി. ഇന്നത്തെ വിധി എന്തായാലും സംസ്ഥാനത്തിന് അത് നിർണായകമാകുമെന്ന് ഉറപ്പാണ്.