കോട്ടയം: കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്‍റെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. കോട്ടയം തലയോലപ്പറമ്പിൽ നടന്ന ഇലക്ഷൻ പ്രചാരണ വേദിയിൽ ഇത് രണ്ടാം തവണയാണ് മൈക്ക് വില്ലൻ ആകുന്നത്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടങ്ങിയപ്പോൾ മൈക്ക് മറിഞ്ഞുവീണിരുന്നു. ഒടുവിൽ തടസ്സം പരിഹരിച്ച് മുഖ്യമന്ത്രി പ്രസംഗം തുടർന്നു.
വൈക്കം തലയോലപ്പറമ്പിൽ നടന്ന എൽഡിഎഫ് പ്രചാരണ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയും മൈക്കും തമ്മിൽ ഇടഞ്ഞത്. കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് ആദ്യം മറിഞ്ഞുവീണത്. ഉടൻ തന്നെ മൈക്ക് ഓപ്പറേറ്റർ ഓടിയെത്തി 10 മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിച്ചു.
“നമ്മുടെ പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ….’’ എന്ന് പറഞ്ഞുകൊണ്ടിരിക്കെ മുഖ്യമന്ത്രി മൈക്ക് അഡ്ജസ്റ്റ് ചെയ്യാനായി അതിൽ പിടിച്ചപ്പോൾ മൈക്ക് താഴെവീണു. എന്നാൽ ഇത്തവണ പ്രകോപിതനാകാതെ ഒരു ചെറുപുഞ്ചിരിയോടെ മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി.
ആദ്യത്തെ പ്രശ്നം പരിഹരിച്ച് മുഖ്യമന്ത്രി പ്രസംഗം തുടർന്നപ്പോഴാണ് വീണ്ടും മൈക്കിൽ നിന്ന് പുക ഉയർന്നത്. മൈക്കിന്‍റെ ആംപ്ലിഫയർ കത്തിയതാണ് പുക’ ഉയർന്നതെന്ന് മൈക്ക് ഓപ്പറേറ്റർ വ്യക്തമാക്കി. ഉടൻതന്നെ മൈക്ക് ഓപ്പറേറ്റർ എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ തുടരെത്തുടരെ മൈക്ക് പണിമുടക്കിയതിന് പിന്നാലെ ‘മൊത്തം തടസ്സമാണല്ലോ ‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിൽ മൈക്ക് വില്ലൻ ആകുന്നത്. കഴിഞ്ഞവർഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മൈക്കിൽ നിന്ന് ഹൌളിംഗ് വന്നതിന് പിന്നാലെ മൈക്കും ആംപ്ലിഫയറും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് പല വേദികളിലും ഇത്തരത്തിൽ മൈക്കും മുഖ്യമന്ത്രിയും തമ്മിൽ ചെറിയ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വൈക്കത്ത് മുഖ്യമന്ത്രി പങ്കെടുത്ത പ്രചാരണവേദിയിൽ രണ്ടുതവണ മൈക്ക് പണി കൊടുത്തിരിക്കുകയാണ്.